കൊല്ലം: നിരോധിത മയക്കുമരുന്ന് കടത്തൽ തടയൽ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായ പ്രതിയെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.ശൂരനാട്, കിടങ്ങയം നോർത്ത്, ചെളിയിൽ തറയിൽ വീട്ടിൽ അനീഷി(33)നെയാണ് പിറ്റ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക്) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്കയച്ചത്. 71.19 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ ചില്ലറ വിൽപനക്കായി ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വർഷം ജൂണിൽ അനീഷിനെയും സുഹൃത്തായ വൈശാഖിനേയും അറസ്റ്റ് ചെയ്യ്തിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരവെയാണ് ഇപ്പോഴത്തെ നടപടി.
ലഹരിമരുന്ന് കച്ചവട സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് മുഖേന സിറ്റി ജില്ല ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് കരുതൽ തടങ്കലിന് ഉത്തരവായത്.ഇയാളെ കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷാജിമോൻ, ബിജു, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി അയച്ചത്. കൂട്ട് പ്രതിയായ വൈശാഖിനെ നേരത്തെ തന്നെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങൾക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.