തിരുവനന്തപുരം> കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോർപ്പറേറ്റുകളിൽനിന്നും കൈക്കൂലി കൈപ്പറ്റിയെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ഗൗരവമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുണ്ടാവുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലകോർപ്പറേറ്റ് ശക്തികളുമായി ചേർന്ന് വി ഡി സതീശനും കെ സി വേണുഗോപാലും നടത്തിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് വികസനം മുടക്കിയായി മാറുന്നു. കേരളത്തെയും ഇവിടുത്തെ യുവാക്കളെയും വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവും കോൺഗ്രസും സ്വീകരിച്ചത്. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാലേ വിദ്യാസമ്പന്നരായ യുവതക്ക് മറ്റു സ്ഥലങ്ങളെ ആശ്രയിക്കാതെ സ്വന്തം നാട്ടിൽ തൊഴിലെടുത്തു ജീവിക്കാനാവു.
ഐടി, ടൂറിസം മേഖലയിലുണ്ടാവുന്ന കുതിച്ചുചാട്ടമാണ് കോൺഗ്രസ് ഇല്ലാതാക്കാൻ ശ്രമിച്ചുകെണ്ടേയിരിക്കുന്നത്. കെ റെയിൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിലൂടെ ലക്ഷക്കണക്കിന് യുവജനങ്ങളെയാണ് കോൺഗ്രസ് വഞ്ചിക്കുന്നത്. ദേശീയപാത വികസനത്തിനെതിരായ സമരം കെ റെയിലിനും കെ ഫോണിനും എതിരായ സമരം എന്നിവയ്‌ക്ക് പിന്നിലെ കോർപ്പറേറ്റുകളുടെ ബാഹ്യഇടപെടലും ഗൂഢാലോചനയും ഗൗരവമായി അന്വേഷിക്കണമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയ്‌ഘോഷ് എന്നിവർ പങ്കെടുത്തു.