കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാറിന്റെ പേര് ഉയർന്നതോടെ പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങി. നേതാക്കൾ സ്ഥിരീകരിക്കാതിരുന്നതോടെ ചിലയിടത്ത് മായ്ക്കുകയും ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് ആരംഭിച്ചിരുന്നു.സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് പല സ്ഥലങ്ങളിലും ഇത് മായ്ച്ചത്. പ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പുതന്നെ മതിൽ എഴുത്തും മറ്റും തുടങ്ങിയതിനെ നേതാക്കൾ പരസ്യമായി ശാസിച്ചതായാണ് വിവരം. സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചാരണവും തുടങ്ങിയിരുന്നു. ഇത് നീക്കം ചെയ്യാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ചാനൽ ചർച്ചകളിലെ ഇടതുപക്ഷത്തിന്റെ ശക്തമായ മുഖമായ അരുൺകുമാർ, അഭിഭാഷകനും ജില്ല ശിശുക്ഷേമ സമിതി വൈസ്ചെയർമാനുമാണ്. തുടക്കം മുതൽ പ്രഥമ പരിഗണന അരുൺകുമാറിനായിരുന്നു. കൊച്ചി മേയർ എം. അനിൽകുമാറിനെ പരിഗണിച്ചിരുന്നെങ്കിലും കോർപറേഷൻ ഭരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുള്ളതിനാൽ ഒഴിവാക്കിയതായാണ് വിവരം.സംസ്ഥാന കമ്മിറ്റി അനുമതി ലഭിച്ച് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപനമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.