ന്യൂഡൽഹി: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സേവനങ്ങളും സൗകര്യങ്ങളും പൂർണമായി ജനങ്ങളിലെത്തിക്കലാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും ജില്ല മജിസ്ട്രേറ്റുമാരും ചില മുഖ്യമന്ത്രിമാരും പങ്കെടുത്ത വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരികവും നേരിട്ടുള്ളതുമായ ബന്ധം സ്ഥാപിച്ച് മേൽതട്ടിൽ നിന്ന് താഴേക്കും തിരിച്ചും സുഗമമായ ഭരണത്തുടർച്ച ഉറപ്പാക്കണം. വലിയ ലക്ഷ്യങ്ങൾ നേടാൻ സർക്കാർ ആവിഷ്ക്കരിച്ച ആസ്പിരേഷനൽ ജില്ല പദ്ധതിക്കു കീഴിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിക്കു കീഴിൽ വരുന്ന ജില്ലകൾ രാജ്യത്തിന്‍റെ പുരോഗതിയെ ബഹുദൂരം മുന്നിലെത്തിച്ചു.
പദ്ധതി നടത്തിപ്പിലെ നൂലാമാലകൾ ഒഴിവാക്കുമ്പോൾ പരമാവധി വിഭവശേഷി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018ൽ പ്രഖ്യാപിച്ച ആസ്പിരേഷനൽ ജില്ല പദ്ധതി വഴി 112 അവികസിത ജില്ലകളെ പൂർണമായി പരിവർത്തിപ്പിക്കാൻ കഴിഞ്ഞു. ഇത് മാതൃകയാക്കി കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂട്ടായ യത്നം വേണമെന്നും ജില്ല മജിസ്ട്രേറ്റുമാരോട് അദ്ദേഹം അഭ്യർഥിച്ചു.