നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവയിലെല്ലാം എന്തെങ്കിലും വിധത്തിലുള്ള കുറവുണ്ടായാല്‍ അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കാം.
അതിനാല്‍ തന്നെ ഇത്തരത്തിലുള്ള അവശ്യഘടകങ്ങളിലെ കുറവ് സമയബന്ധിതമായിത്തന്നെ കണ്ടെത്തപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അതേസമയം ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ അളവിലധികം ആയാലോ? എന്നാല്‍ അത് ആരോഗ്യത്തിന് അത്രയും ഗുണകരമാകില്ലേ എന്നായിരിക്കും മിക്കവരും ചിന്തിക്കുക. ഇങ്ങനെ ചിന്തിച്ചെങ്കില്‍ തെറ്റി. അവശ്യഘടകങ്ങളാണെങ്കില്‍ ഇവ അധികമായാല്‍ ആരോഗ്യത്തിന് ദോഷമാകാം. അത്തരത്തില്‍ ദോഷമായേക്കാവുന്ന ഒന്നാണ് വൈറ്റമിൻ-ഡി. നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനുമെല്ലാം അവശ്യം വേണ്ടുന്ന പോഷകമാണിത്. സൂര്യപ്രകാശമാണ് വൈറ്റമിൻ-ഡിയുടെ മികച്ച സ്രോതസായി കണക്കാക്കപ്പെടുന്നത്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്‍റ്സിലൂടെയുമെല്ലാം വൈറ്റമിൻ-ഡി ലഭ്യമാണ്. എന്നാല്‍ വൈറ്റമിൻ -ഡി കൂടിയാല്‍ ഇത് പല പ്രശ്നങ്ങളാണത്രേ ശരീരത്തിനുണ്ടാക്കുക.
‘വൈറ്റമിൻ ഡി ടോക്സിസിറ്റി’ എന്നാണീ അവസ്ഥയെ വിശേഷിപ്പിക്കുന്നത് തന്നെ. മുതിര്‍ന്ന ഒരാളെ സംബന്ധിച്ച് ദിവസത്തില്‍ എടുക്കേണ്ട വൈറ്റമിൻ-ഡിയുടെ അളവ് 600-800 ഇന്‍റര്‍നാഷണല്‍ യൂണിറ്റ് (ഐയു) ആണ്. എന്നാല്‍ പലപ്പോഴും ആളുകള്‍ 1000-400 ഐയു വൈറ്റമിൻ-ഡിയൊക്കെ എടുക്കാറുണ്ടെന്നും അത് ആരോഗ്യത്തിന് നല്ലതല്ലെന്നുമാണ് ‘ദ ജേണല്‍ ഓഫ് അമേരിക്കൻ മെഡിക്കല്‍ അസോസിയേഷൻ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത്. അധികവും സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിൻ -ഡി ഇങ്ങനെ അധികമായി ശരീരത്തിലെത്തുന്നതത്രേ. സപ്ലിമെന്‍റ്സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. ഇക്കാരണം കൊണ്ടാണ് സപ്ലിമെന്‍റ്സ് എടുക്കുമ്പോള്‍ ആരോഗ്യ വിദഗ്ധരുമായി കണ്‍സള്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.
ഇനി വൈറ്റമിൻ-ഡി കൂടുന്ന അവസ്ഥ, അല്ലെങ്കില്‍ ‘വൈറ്റമിൻ ഡി ടോക്സിസിറ്റി’ എങ്ങനെയെല്ലാമാണ് ആരോഗ്യത്തെ ബാധിക്കുകയെന്നതാണ് പരിശോധിക്കുന്നത്. വൈറ്റമിൻ-ഡി അധികമായാല്‍ അത് വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. ഇതുമൂലം വിശപ്പില്ലായ്മ, മലബന്ധം, വയറിളക്കം പോലുള്ള പല പ്രയാസങ്ങളും നേരിടാം. വൈറ്റമിൻ-ഡി ഉണ്ടെങ്കിലാണ് ഭക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് കാത്സ്യം വലിച്ചെടുക്കാനാവുക. എന്നാല്‍ വൈറ്റമിൻ-ഡി കൂടുമ്പോള്‍ കാത്സ്യവും ചിലരില്‍ ആവശ്യത്തില്‍ കൂടുതലായി വരാം. ഇത് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍, ദഹനപ്രശ്നങ്ങള്‍, ഓക്കാനം, നിര്‍ജലീകരണം, വിശപ്പില്ലായ്മ എല്ലാം ഉണ്ടാക്കാം.
വൈറ്റമിൻ-ഡി മാനസികാരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അത് അധികമായാലും പ്രശ്നം തന്നെയാണ്. ചിന്തകളില്‍ അവ്യക്തത, അസ്വസ്ഥത, അക്ഷമ, വിഷാദം എന്നിങ്ങനെ പല മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും ‘വൈറ്റമിൻ ഡി ടോക്സിസിറ്റി’ നമ്മെ എത്തിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ നെഫ്രോളജി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം ഇതിനുദാഹരണമാണ്.
ഇപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ നിസാരമാണെന്ന് ചിന്തിക്കരുത്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വരെ അലട്ടുന്ന പ്രശ്നങ്ങളാണിവ. അതിനാല്‍ വൈറ്റമിൻ-ഡി സപ്ലിമെന്‍റ്സ് അടക്കം വിവിധ സപ്ലിമെന്‍റ്സ് എടുക്കുന്നതിന് മുമ്പായി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുകയും എല്ലാ ആറ് മാസത്തിലും വൈറ്റമിൻ ടെസ്റ്റ് ചെയ്ത് ഫലം പരിശോധിക്കുന്നതും എപ്പോഴും നല്ലതാണ്.