ചെന്നൈ: അടുത്തിടെ റിലീസായ തുണിവ് സിനിമയിലെ ബാങ്ക് കൊള്ള രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ തമിഴ്നാട് ദിണ്ടിഗലിൽ അറസ്റ്റിലായി. പെപ്പർ സ്പ്രേയും കത്തിയുമൊക്കെയായി സിനിമാ സ്റ്റൈൽ കവർച്ചക്കെത്തിയ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
ദിണ്ടിഗൽ ബീഗംപുരിനടുത്ത് നായ്ക്കൻപട്ടി സ്വദേശി ഖലീൽ റഹ്മാൻ എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. ദാഡിക്കൊമ്പ് റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് ഇയാൾ കവർച്ചക്കെത്തിയത്. ജീവനക്കാരെ കെട്ടിയിട്ട ശേഷം കവർച്ച നടത്താനായിരുന്നു പദ്ധതി. കത്തി, കട്ടിംഗ് ബ്ലേഡ്, കുരുമുളക് സ്പ്രേ, പ്ലാസ്റ്റിക് കയറുകൾ എന്നിവയൊക്കെ നിറച്ച ബാഗുമായി എത്തിയ ഇയാൾ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ടു. കുതറി പുറത്തിറങ്ങിയ ഒരു ജീവനക്കാരൻ ബഹളംവച്ച് ആളെ കൂട്ടി. നാട്ടുകാരും ബാങ്കിലെ സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ജീവനക്കാരെ രക്ഷിച്ചു. യുവാവിനെ പിന്നീട് ദിണ്ടിഗൽ വെസ്റ്റ് പൊലീസിന് കൈമാറി.
ബാങ്ക് കൊള്ളയടിക്കുന്ന രംഗങ്ങളുള്ള സിനിമകളും സീരീസുകളും തുടർച്ചയായി കാണാറുണ്ടെന്ന് ഖലീൽ റഹ്മാൻ പൊലീസിനോട് പറഞ്ഞു. ബാങ്ക് കൊള്ളയടിക്കാനും പണം കടത്താനും രക്ഷപ്പെടാനും വിവിധ സിനിമകൾ കണ്ട് പദ്ധതി തയ്യാറാക്കി. തുണിവ് കണ്ടതോടെ ആത്മവിശ്വാസമായി. സിനിമാ രംഗങ്ങളിൽ കാണാറുള്ള തയ്യാറെടുപ്പുകളുമായാണ് കൊള്ളക്കെത്തിയത്. പെപ്പർ സ്പ്രേയും കത്തിയും കയറുമൊക്കെ കരുതിയതും ഇത് പ്രകാരമാണെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.