മനാമ: ബഹ്റൈനില്‍ തട്ടിക്കൊണ്ട് പോകലും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങള്‍ക്ക് പ്രവാസി അറസ്റ്റിലായി. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് വന്ന രണ്ട് സ്‍ത്രീകളെയും തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചതിനും പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
പരാതിക്കാരികളായ സ്‍ത്രീകളെ പ്രതി നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയും ചെയ്‍തു. കേസ് അടുത്തയാഴ്ച ബഹ്റൈന്‍ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പ്രതിയായ പ്രവാസി ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചോ പരാതിക്കാരായ സ്‍ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ബഹ്റൈന്‍ ക്രിമിനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ തുടങ്ങും.