കുറ്റിപ്പുറം: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പില്‍ അബ്ദുറഹിമാനാണ് ദുബായ് കോടതിയുടെ വിധിയെ തുടര്‍ന്ന് നഷ്ടപരിഹാരം ലഭിച്ചത്. 2019 ഓഗസ്റ്റ് ഫുജൈറയില്‍ നടന്ന അപകടത്തിലാണ് അബ്ദുറഹ്മാന് ഗുരുതര പരിക്കേറ്റത്. നിര്‍ത്തിയിട്ട വാഹനത്തില്‍ ഇരിക്കുകയായിരുന്ന അബ്ദുറഹ്മാനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുറഹ്മാന്‍ മാസങ്ങളുടെ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ചികിത്സക്കായി വലിയ തുക ചെലവായതോടെയാണ് ഇന്‍ഷൂറന്‍സ് കമ്പനിയെയും കോടതിയെയും സമീപിച്ചത്.
എതിരെ വന്ന ഡ്രൈവറുടെ അശ്രദ്ധകാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 3000 ദിര്‍ഹം പിഴയീടാക്കി ഡ്രൈവറെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുറഹ്മാന് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാര തുക കോടതി അബ്ദുറഹ്മാന് കൈമാറി. പരിക്ക് ഭേദമായി അബ്ദുറഹ്മാന്‍ വീണ്ടും ദുബായിയിലേക്ക് മടങ്ങി.