കൊച്ചി : ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പെന്നു സൂചന. കൊച്ചിയിലും കോഴിക്കോടുമാണ് ഇത്തരം തട്ടിപ്പ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.ഹെയർ പ്ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്ന് ക്ഷയരോഗം പിടിപെട്ടവർ പോലും കേരളത്തിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വന്‍ തുകയാണ് ഹെയർ പ്ലാന്റിംഗിന് വ്യാജ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. അതീവ സൂഷ്മതയോടെ ചെയ്യേണ്ട ഈ ഓപ്പറേഷന്‍ ചെയ്യുന്നതാകട്ടെ മതിയായ യോഗ്യതയില്ലത്തവരുമാണ്. ഓപ്പറേഷൻ തിയേറ്റർ എന്നപേരില്‍ തട്ടിക്കൂട്ടുന്ന മുറികള്‍ വേണ്ടത്ര ശുചിത്വമില്ലാത്തതാണ്. കോഴിക്കോടും കൊച്ചിയിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടും ആരോഗ്യവകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തും.
മതിയായ യോഗ്യതയില്ലാത്തവരാണ് വ്യാജ ക്ലിനിക്കുകളില്‍ ഹെയർ പ്ലാന്റേഷൻ സർജറി നടത്തുന്നത്. ഇത്തരത്തില്‍ സർജറി ചെയ്ത് ക്ഷയരോഗം ബാധിച്ച വ്യക്തിയുടെ തലയുടെ ചിത്രം പുറത്തുവന്നിരുന്നു. എന്നിട്ടും കണ്ണടക്കുകയാണ് ആരോഗ്യവകുപ്പും പോലീസും. അധികാരികളുടെ അനാസ്ഥയില്‍ തകരുന്നത് നിരവധി ജീവിതങ്ങളാണ്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കോഴിക്കോട് ഡിഎംഒ യുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മതിയായ യോഗ്യതയും അംഗീകാരവും ഇല്ലാത്തവരെ വെച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്. ഡിഎംഒ റിപ്പോർട്ട് പുറത്തിറക്കിയിട്ടും ഇത്തരം സ്ഥാപനങ്ങൾ കോഴിക്കോട് കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്.
കൊച്ചിയിലും കോഴിക്കോടും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ വ്യാജ ഡോക്ടർമാർ നിലവിൽ രോഗികളെ ശസ്ത്രക്രിയ ചെയ്തു വരികയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നും തന്നെ മരണങ്ങൾ സംഭവിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വസിക്കാവുന്ന ഏക കാര്യം. ഇനി ഒരു ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കണമോ എന്നതാണ് ആരോഗ്യവകുപ്പിന് നേരെ ഉയർന്നുവരുന്ന ചോദ്യം.