ആതൻസ്: പ്രിയപ്പെട്ട ഫുട്ബാൾ ടീമിന്റെ കിരീടനേട്ടത്തിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന ഫോട്ടോ മാഫിയ അംഗത്തിന് വിനയായി. 11 വർഷമായി ഒളിവിൽ കഴിയുന്ന ഇറ്റാലിയൻ മാഫിയ അംഗമായ കുപ്രസിദ്ധ കുറ്റവാളി വിൻസെൻസോ ലാ പോർട്ടയാണ് വിജയാഹ്ലാദ ഫോട്ടോയിൽ ഇടംപിടിച്ച് അറസ്റ്റിലായത്.ഗ്രീസിൽ ഒളിവിൽ കഴിയുന്ന ഇയാൾ, പ്രമുഖ ഇറ്റാലിയൻ ക്ലബായ നാപോളി 33 വർഷത്തിന് സീരി-എ കിരീടം നേടിയതിൽ ക്ലബിന്റെ ആരാധകർക്കൊപ്പമാണ് ആഹ്ളാദം പ്രകടിപ്പിച്ചത്. നാപോളി ക്ലബ് സ്ഥിതി ചെയ്യുന്ന നേപ്പിൾസിലെ കുപ്രസിദ്ധ മാഫിയയുടെ ഭാഗമായ ഇയാളുടെ അസാന്നിധ്യത്തിൽ കോടതി ശിക്ഷ വിധിച്ചിരുന്നു. ഗ്രീക് ദ്വീപായ കോർഫുവിൽ അറസ്റ്റിലായ ഇയാളെ വൈകാതെ ഇറ്റലിയിലേക്ക് നാടുകടത്തും. പതിറ്റാണ്ടുകളായി ഒളിവിൽ കഴിഞ്ഞ ഇറ്റാലിയൻ മാഫിയ തലവൻ, ഗൂഗ്ൾ മാപ് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ പൊലീസ് പിടികൂടിയിരുന്നു.