കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരമായുള്ള വൈകിയെത്തലും ജോലിയില്‍ നിന്നുള്ള മുങ്ങലും മുന്‍കാലങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോ മെട്രിക് പഞ്ചിങ് സംവിധാനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയത്. എന്നാല്‍ പല കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം പഞ്ചിങ് മെഷീന്‍ എല്ലായിടത്തും സ്ഥാപിക്കാനായിരുന്നില്ല. മറ്റു ജില്ലകളില്‍ പലയിടത്തും പഞ്ചിങ് സിസ്റ്റം എത്തിയതിന് ശേഷമാണ് വയനാട് കലക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ബയോമെട്രിക് ഇപ്പോള്‍ പഞ്ചിംഗ് ആരംഭിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ സിവില്‍സ്റ്റേഷനില്‍ അഞ്ച് പഞ്ചിംഗ് മെഷീനുകളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ റവന്യു വിഭാഗം, സര്‍വ്വെ വകുപ്പ്, ആര്‍.ടി.ഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, ഐ.സി.ഡി.എസ്, ജില്ല പ്രബോഷന്‍ ഓഫീസ്, ജില്ല സപ്ലൈ ഓഫീസ്, ജില്ല മണ്ണ് സംരക്ഷണ ഓഫീസ്, പി.ഡബ്ല്യു.ഡി റോഡ്സ് തുടങ്ങിയ ഓഫീസുകളിലാണ് പഞ്ചിംഗ് തുടങ്ങിയിരിക്കുന്നത്. ബാക്കിയുള്ളയിടങ്ങളില്‍ കൂടി വൈകാതെ തന്നെ മെഷീനുകള്‍ സ്ഥാപിക്കും. ഓഫീസില്‍ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴും പഞ്ചിംഗ് ഇനിമുതല്‍ നിര്‍ബന്ധമായിരിക്കും. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങള്‍ രേഖപ്പെടുത്തി വിരലടയാളവും നല്‍കി വേണം ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് രേഖപ്പെടുത്താന്‍. രണ്ടാംഘട്ടത്തില്‍ കാര്‍ഡ് നല്‍കും. നിലവില്‍ രാവിലെ 10.15, വൈകുന്നേരം 5.15 എന്ന നിലയിലാണ് മെഷീനില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യപടിയെന്നോണം ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ 300 മിനിട്ട് ഗ്രേസ് ടൈം ലഭിക്കും. ഏറെ താമസിയാതെ തന്നെ ജീവനക്കാരുടെ സേവന സമയവും, വേതനവും നിയന്ത്രിക്കുന്ന സ്പാര്‍ക്കുമായി മെഷീനുകള്‍ ബന്ധിപ്പിക്കും.
ആധാര്‍ അധിഷ്ഠിത പഞ്ചിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ല കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, കളക്ട്രേറ്റ് ഐ.ടി സെല്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എ.ഡി.എം എന്‍.ഐ. ഷാജു, കലക്ടറേറ്റ് പഞ്ചിംഗ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ കെ. ഗോപിനാഥ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.