തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമ സഭ മാര്‍ച്ചും ജില്ലകളിൽ കലക്ടറേറ്റ് മാർച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങൾ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയിൽ ഉണ്ടായി. ഇതേ തുടർന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്.
ഇന്ധന സെസിൽ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു . നിയമ സഭ 27വരെ പിരിഞ്ഞെങ്കിലും സഭയ്ക്ക് പുറത്ത് പ്രതിഷേധം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.