തിരുവനന്തപുരം : സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്നമായതിനാൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളും 70 ശതമാനം ചോദ്യങ്ങൾമാത്രം ഫോക്കസ് ഏരിയയിൽ നിന്ന് ചോദിക്കുമെന്ന തീരുമാനവും മാറ്റാനാവില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നവംബർ മുതൽ കുട്ടികൾ ക്ലാസുകളിൽ എത്തുന്ന സാഹചര്യത്തിൽ ഫോക്കസ് ഏരിയക്ക് പ്രസക്തിയില്ല. കൂടുതൽ സമയമെടുത്ത് പാഠഭാഗങ്ങൾ പരമാവധി പഠിപ്പിച്ച് തീർക്കുകയാണ് വേണ്ടതെന്നും അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഇളവ് വേണ്ടെന്ന് സർക്കാർ എടുത്ത നിലപാടാണ്. അതിൽ മാറ്റംവരുത്തേണ്ടതില്ല. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദം കുറയ്ക്കാൻ മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും. മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചുതീർത്തുവേണം പരീക്ഷയിലേക്കു പോകാനെന്നും അദ്ദേഹം നിർദേശിച്ചു. വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം വിദ്യാഭ്യാസ വകുപ്പിനില്ല. ഇതിന്റെപേരിൽ ആർക്കെതിരേയും നടപടിയുണ്ടാകില്ല. അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ല. ചട്ടം 60-എ പ്രകാരം ചുമതല ഓർമിപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
21 മുതൽ സ്കൂൾ പ്രവർത്തനം വൈകുന്നേരം വരെയാക്കുന്ന സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിലെ സംഘടനകളുമായും മറ്റു സംഘടനകളുമായും മന്ത്രി പ്രത്യേകം ചർച്ച നടത്തിയത്. ഫോക്കസ് ഏരിയയിൽമാത്രം ഊന്നി പരീക്ഷ നടത്തണമെന്നും പരിക്ഷാ മാന്വൽ പരിഷ്കാരത്തിൽ മൂല്യനിർണയത്തിനുള്ള പേപ്പറുകളുടെ എണ്ണം പഴയതുപോലെ നിലനിർത്തണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പാഠഭാഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാർച്ചുവരെയുള്ള ശനിയാഴ്ചകളിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഭരണപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.