ലക്‌നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ നടപടിയുമായി ആരാധനാലയങ്ങൾ. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണു കഴിഞ്ഞദിവസം യോഗി ഉത്തരവിറക്കിയത്.
ശബ്ദനിയന്ത്രണത്തിനു പുറമെ, 125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികൾ നീക്കിയതായും യുപിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. സംസ്ഥാനത്തു സമാധാനപൂർണമായി നിസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. സമാധാന സമിതികളുടെ യോഗം ചേർന്നു. ഉച്ചഭാഷിണി പ്രശ്നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത മതഘോഷ യാത്രകൾക്ക് മാത്രമേ ഇനിമുതൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. മറ്റു ചില സംസ്ഥാനങ്ങളിലും മതഘോഷയാത്രയിൽ സംഘർഷമുണ്ടായിരുന്നു.