കാസർകോട് : ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റു വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഹൈക്കോടതി. സംഭവത്തിൽ, ഭക്ഷ്യസുരക്ഷാ കമ്മിഷണറോടും ആരോഗ്യ വകുപ്പിനോടും കോടതി വിശദീകരണവും ആവശ്യപ്പെട്ടിരിക്കുന്നു. ഭരണനിർവഹണ സംവിധാനത്തിൽ ആശങ്കയുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്താണ് ഇത്തരമൊരു ആശങ്കയ്ക്കു പിന്നിൽ? ഷവർമയുമായി ബന്ധപ്പെട്ടു മാത്രമല്ല, മറ്റ് ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ടും പരാതികൾ ശക്തമാണ്. പലയിടത്തെയും ഭക്ഷ്യവിഷബാധാ സംഭവങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.
ഭക്ഷണം വിൽക്കുന്ന കടകളിലെ വൃത്തിയും ലൈസൻസും പരിശോധിക്കേണ്ട ചുമതല നിയമപ്രകാരം ഭക്ഷ്യ സുരക്ഷാ ഓഫിസർക്കാണെങ്കിൽ കേരളത്തിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അതിനു മാത്രം സമയം കിട്ടുന്നില്ലെന്നു വേണം മനസ്സിലാക്കാൻ. രണ്ടു വീഴ്ചകളാണ് ഇക്കാര്യത്തിൽ ഇന്ന് കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നത്. 1) ആവശ്യത്തിന് ഭക്ഷ്യ സുരക്ഷാ ഓഫിസർമാർ കേരളത്തിൽ ജോലിക്കില്ല. 2) ജോലിയിലുള്ളവർക്കാണെങ്കിൽ ഈ ജോലി ചെയ്യാൻ സമയമോ സൗകര്യമോ നൽകുന്നുമില്ല. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിന്റെ ചരിത്രം മുതൽ പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നാം കഴിക്കുന്ന ഭക്ഷണം ഭയത്തോടെ വേണോ ഭക്ഷിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി അറിയേണ്ടതുണ്ട്.