പഴങ്ങളും പച്ചക്കറികളും ഒരു നിശ്ചിത അളവിൽ ദിവസവും കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണമേകും. ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലയിനം കാൻസറുകൾ, പൊണ്ണത്തടി ഇവയ്ക്കെല്ലാമുള്ള സാധ്യത കുറയ്ക്കാൻ പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയും. പഴങ്ങൾ പലരും പല സമയത്താണ് കഴിക്കുന്നത്. ചിലർ രാവിലെ പഴം കഴിക്കുമ്പോൾ ചിലർ പഴം കഴിച്ച് ഒരു ദിവസം അവസാനിപ്പിക്കുന്നവരാണ്. എന്നാൽ പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ മികച്ച സമയം ഏതാണ്?
പഴച്ചാറുകൾ
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴച്ചാറുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. മലബന്ധം അകറ്റാനും മൂത്രനാളിയിലെ അണുബാധ അകറ്റാനും ചില ജ്യൂസുകൾ സഹായിക്കും.
ജ്യൂസിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ശരീരത്തിലെ കൊഴുപ്പ് കൂട്ടാനും ശരീരഭാരം കൂടാനും കാരണമാകും. ജ്യൂസുകളിൽ നാരുകൾ വളരെ കുറവാണ്. കാലറിയും പഞ്ചസാരയും പഴങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലുമാണ്. അതുകൊണ്ട് ദിവസവും കഴിക്കുന്ന ജ്യൂസിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്.
ജ്യൂസ് കഴിക്കാൻ ദിവസത്തിന്റെ ആദ്യപകുതി ആണ് നല്ലത്. കാരണം പകൽ സമയത്തേക്കുള്ള ഊർജമേകാൻ പഴച്ചാറുകൾ സഹായിക്കും.
പഴങ്ങൾ
രുചിയും ഗുണവും പോഷകങ്ങളും അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പഴങ്ങളുടെ പൾപ്പിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് ബവൽ മൂവ്മെന്റ്സ് മെച്ചപ്പെടുത്തുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു. ഏറെ നേരം വിശക്കാതിരിക്കാനും പഴങ്ങൾ കഴിക്കുന്നതിലൂെട സാധിക്കുന്നു. പഴങ്ങൾ വെറും വയറ്റിലോ ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്തോ കഴിക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ പ്രധാനഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്ത് പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. പഴങ്ങളിലെ നാരുകളും ജലാംശവും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയും. എന്നാൽ രാത്രി കിടക്കുന്നതിന് തൊട്ടുമുൻപ് പഴങ്ങൾ കഴിക്കുന്നത് ദഹനത്തിന് തടസ്സമുണ്ടാക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.
ചിലപഴങ്ങൾ ഊർജമേകും. അവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും വ്യായാമത്തിനു മുൻപ് കഴിക്കുന്നതും നല്ലതാണ്.
ഭക്ഷണം കഴിച്ചയുടനെ പഴങ്ങൾ കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. മാത്രമല്ല ദഹനക്കേടും അസ്വസ്ഥതയും ഉണ്ടാവാനും കാരണമാകും.
പഴങ്ങളും പച്ചക്കറികളും ഒരുമിച്ചു കഴിക്കാം. ഭക്ഷണത്തോടൊപ്പം ജ്യൂസും കുടിക്കാം. ഭക്ഷണത്തിൽ വെജിറ്റബിൾ സാലഡും പച്ചക്കറികൊണ്ടുള്ള ഒരു വിഭവവും ഉൾപ്പെടുത്താം. പച്ചച്ചീരയും ആപ്പിളും, ഓറഞ്ചും ബെറിപ്പഴങ്ങളും, ഇഞ്ചി അൽപം ഉപ്പ് ഇവയെല്ലാം ചേർത്തു കഴിക്കാം.