കോന്നി: കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോരുന്ന സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും കാരണം കണ്ടെത്തുവാന്‍ അധികൃതര്‍ക്കും വാഹനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും കഴിയുന്നില്ല. വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പില്‍ സുഷിരങ്ങള്‍ വീണാണ് പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നത് എന്നാണ് കോന്നിയിലെ വിവിധ വര്‍ക്ഷോപ് ജീവനക്കാര്‍
പറയുന്നത്. വാഹനങ്ങളില്‍ നിന്ന് ഇന്ധനത്തിന്റെ ഗന്ധം ഉയരുമ്പോള്‍ മാത്രമാണ് ഉടമകള്‍ വാഹനത്തിന് ഇന്ധനചോര്‍ച്ചയുണ്ടെന്ന് മനസിലാക്കുന്നത്. പല വാഹനങ്ങളില്‍ നിന്നും ചെറിയ തുള്ളികളായാണ് പെട്രോള്‍ വീഴുന്നത്.
മഴക്കാലത്ത് ഇത് അധികം ആരും ശ്രദ്ധിക്കില്ലെങ്കിലും വേനല്‍ കാലത്ത് ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനും സാധ്യതയുണ്ട്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനചോര്‍ച്ചയുണ്ടായാല്‍ അപകടം ഉറപ്പാണെന്നും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. കോന്നിയിലെ ഒരു വര്‍ക്ഷോപ്പില്‍ മാത്രം മുപ്പതിലധികം വാഹനങ്ങളാണ് ഇതേ തകരാര്‍ പരിഹരിക്കുവാനായി എത്തിയത്. വാഹനത്തിന് ഇത്തരത്തില്‍ തകരാര്‍ ഉണ്ടായാല്‍ സുഷിരങ്ങള്‍ വീണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് ഏക മാര്‍ഗം. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലെ വര്‍ക്ഷോപുകളിലും സമാന സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.