കളിയിക്കാവിള∙ നിദ്രവിളയിലെ കോളജ് വിദ്യാർഥിനി വാവര സ്വദേശി പുളിയറത്തലവിള ചിന്നപ്പറുടെ മകൾ അഭിത (19) യുടെ മരണം കൊലപാതകമാണെന്ന വാദത്തിലുറച്ച് കുടുംബം. സ്ലോ പോയ്‌സൺ പോലെയുള്ള ദ്രാവകം വിദ്യാർഥിനിയുടെ ഉള്ളിൽ ചെന്നതായും കരൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും അഭിതയെ ചികിത്സിച്ച ഡോക്‌ടർ പറഞ്ഞതായി അഭിതയുടെ മാതാവ് തങ്കഭായി പൊലീസിനോട് പറഞ്ഞു.
പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്‌മ വിഷം കൊടുത്തു കൊലപ്പെടുത്തിയതിനു സമാനമാണ് അഭിതയുടെ മരണമെന്നും ബന്ധുക്കൾ പറയുന്നു. തങ്കഭായിയുടെ പരാതിയിൽ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് നിദ്രവിള പൊലീസ്. തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയതായും തങ്കഭായി നൽകിയ പരാതിയിൽ പറയുന്നു. അഭിതയുടെ കാമുകൻ അഭിതയെ ഒഴിവാക്കാൻ വേണ്ടി മനഃപൂർവം വിഷം കലർത്തിയ പാനീയം കുടിക്കാൻ നൽകിയെന്നാണു ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ സെപ്റ്റംബർ 7ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. ഈ കൂടിക്കാഴ്‌ചയിൽ കാമുകൻ ശീതളപാനീയത്തിൽ വിഷം കലർത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ദിവസങ്ങൾക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയായിരുന്നു. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഭിത അഞ്ചിന് രാത്രി മരിച്ചു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു അഭിത.