മുംബൈ: പത്ത് വയസ് മുതൽ പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി. ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റേതായിരുന്നു വിധി. ക്രൂരമായ കുറ്റകൃത്യത്തിൽ കുട്ടി ലൈംഗികതയോട് അമിത ഭ്രമമുള്ളയാളായി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്. പ്രതി ക്രൂര പീഡനം നടത്തിയിരുന്ന കാലഘടത്തിൽ കുട്ടി അനുഭവിച്ചിരുന്ന മാനസിക-ശാരീരിക അവസ്ഥയെയും കുട്ടി നേരിട്ട പരീക്ഷണത്തിന്റെ തീവ്രതയും വിവരിക്കാവുന്നതിലും അധികമാണെന്നും കോടതി പറഞ്ഞു. നടന്ന സംഭവങ്ങളെ കുറിച്ച് കുട്ടിയെഴുതിയ ഡയറിയെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമർശം.
പത്ത് വയസ് മുതൽ പ്രതി കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിയുടെ ഭാര്യയുടെ അറിവോടെയായിരുന്നു സംഭവം. കുട്ടിക്ക് 17 വയസ് പ്രായമായപ്പോഴാണ് ഡയറി കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ അച്ഛൻ വിദേശത്ത് ജോലി ചെയ്തിരുന്നത് പ്രതികൾ മുതലെടുക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ ഭാര്യക്ക് നേരത്തെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കോടതി യുവാവിന് ജാമ്യം നിഷേധിച്ചതോടെ ഇവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയും സമാന സംഭവത്തിൽ യുവാവിനൊപ്പം തുല്യ പങ്കാളിയാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
പീഡന വിവരം കുട്ടി നേരത്തെ അമ്മയെ അറിയിച്ചിരുന്നുവെന്നും എന്നാൽ സമൂഹം എന്ത് വിചാരിക്കുമെന്ന ചിന്ത മൂലം വിവരം പുറത്തറിയാതെ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.