നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ജസീറ എയര്‍ലൈന്‍സ് വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി ഷറഫുദീന്‍, ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായിയില്‍ നിന്നെത്തിയ പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ, എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ ഷിഹാബുദീന്‍ എന്നിവരില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്.
ഷറഫുദീനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ്. കുഞ്ഞിപ്പയെയും ഷിഹാബുദീനെയും പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും. ഷറഫുദീനും ഷിഹാബുദീനും അരക്കിലോ വീതവും കുഞ്ഞിപ്പ ഒരു കിലോയുമാണ് സ്വര്‍ണം കൊണ്ടുവന്നത്.
ഷറഫുദീനും കുഞ്ഞിപ്പയും സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഷിഹാബുദീന്‍ ആഭരണങ്ങളാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം വിമാനത്താവളത്തിലെത്തി രണ്ടുപേരെ സ്വര്‍ണവുമായി പിടികൂടിയത്. പിടിയിലായ മൂന്നു പേരും മുമ്പ് സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നും ആര്‍ക്കുവേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് എന്നും അന്വേഷിക്കുന്നുണ്ട്.