പാരിസ് : ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള ‘കുക്കീസ്’ ഒറ്റ ക്ലിക്കില്‍ അംഗീകരിക്കുന്നതിനുള്ള ബട്ടന്‍ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷന്‍ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ. ഗൂഗിള്‍ 1265 കോടി രൂപയും ഫെയ്‌സ്ബുക് 500 കോടി രൂപയുമാണു പിഴയടയ്‌ക്കേണ്ടത്. കുക്കീസ് ഉപയോഗം അംഗീകരിക്കാന്‍ എന്നതുപോലെ തന്നെ നിരസിക്കാനുമുള്ള സംവിധാനം 3 മാസത്തിനുള്ളില്‍ ഒരുക്കിയില്ലെങ്കില്‍ ദിവസേന 85 ലക്ഷം രൂപ വീതം പിഴ വേറെയുമുണ്ടാകും. ഫ്രഞ്ച് ഡേറ്റാ സുരക്ഷാ അതോറിറ്റിയായ സിഎന്‍ഐഎല്‍ ആണ് പിഴയീടാക്കുന്നത്. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ച് അതനുസരിച്ച് ഓരോരുത്തര്‍ക്കും വ്യക്തിഗത പരസ്യങ്ങള്‍ കാണിക്കാനാണ് ഗൂഗിളും ഫെയ്‌സ്ബുക്കും കുക്കീസ് പ്രധാനമായി ഉപയോഗിക്കുന്നത്.
പലവട്ടം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ വേഗം തുറന്നുവരാനും ലോഗിന്‍ എളുപ്പമാക്കാനുമെല്ലാം കംപ്യൂട്ടറിന്റെ താല്‍ക്കാലിക മെമ്മറിയില്‍ അതതു വെബ്‌സൈറ്റുകള്‍ സൂക്ഷിക്കുന്ന കുക്കീസ് സഹായിക്കും. കര്‍ശന ട്രാക്കിങ് നിയന്ത്രണമുള്ള ഫ്രാന്‍സില്‍ കുക്കീസിന് അനുമതി നല്‍കാനോ നിഷേധിക്കാനോ ഉപയോക്താവിനു തുല്യ അവകാശമുണ്ടായിരിക്കണം. എന്നാല്‍, ഗൂഗിള്‍, യുട്യൂബ്, ഫെയ്‌സ്ബുക് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ കുക്കീസിന് അനുമതി നിരസിക്കണമെങ്കില്‍ അനേകം ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യണം. ഇതാണ് സിഎന്‍ഐഎല്‍ കുറ്റകരമെന്നു കണ്ടെത്തിയത്.