കോഴിക്കോട്: പ്രാദേശിക സര്‍ക്കാര്‍ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഓർമ്മപ്പെടുത്തൽ. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സേവനം ഔദാര്യമല്ലെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം എന്നും മന്ത്രി കൂട്ടിചേർത്തു.
എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. പ്രാദേശിക ഗവണ്‍മെന്റിന്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂര്‍ണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണമെന്നും മന്ത്രി എം വി ഗോവിന്ദൻ കോഴിക്കോട്ട് നടന്ന പരിപാടിയിൽ പറഞ്ഞു. പാവപ്പെട്ടര്‍ക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ യുവതി – യുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം.
ഭൂരഹിതരും ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിന്‍ വഴി സുമനസ്സുകളില്‍ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണം. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നവകേരള തദ്ദേശകം – 2022 കോഴിക്കോട് ജില്ലാതല അവലോകന യോഗത്തില്‍ ടൗണ്‍ ഹാളില്‍നടന്ന പരിപാടിയില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി എം വി ഗോവിന്ദൻ. ലൈഫ് മിഷന്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന് 18 സെന്റ് സ്ഥലം നല്‍കിയ വി. രാധ ടീച്ചറെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയില്‍ അതിദരിദ്ര നിര്‍ണയ പ്രക്രിയയുടെ ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു. ഗവ. അര്‍ബന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ എ എസ് ഡോക്യുമെന്‍റ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജാ ശശി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്, മുനിസിപ്പല്‍ ചേമ്പര്‍ പ്രതിനിധി എന്‍ സി അബ്ദുള്‍ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍, ചീഫ് എന്‍ജിനീയര്‍ കെ ജോണ്‍സന്‍, അസി. ജില്ലാ വികസന കമ്മീഷണര്‍ വി എസ് സന്തോഷ്‌കുമാര്‍, ജോയിന്‍റ് ഡയറക്ടര്‍ ജ്യോത്സ്ന മോള്‍, ടൗണ്‍ പ്ലാനര്‍ ആയിഷ തുടങ്ങിയവര്‍ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ ഡി സാജു നന്ദി പറഞ്ഞു.