റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ചൂഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ. കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷനാണ് (നസഹ) ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതികളെന്നും അതോറിറ്റി വ്യക്തമാക്കി. ദുൽഹജ്ജ് മാസം നടത്തിയ 213 റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കേസുകളുമായി ബന്ധപ്പെട്ട് 2,230 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റ് ചെയ്ത പ്രതികളിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്തെ അഴിമതി ഉച്ചാടനം ചെയ്യാൻ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുമ്പിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും കൺട്രോൾ ആൻഡ് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നസഹ നിരവധി കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കി വരുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. അധികാര ദുർവിനിയോഗത്തെ കുറിച്ചും അഴിമതിയെ കുറിച്ചും വിവരം ലഭിക്കുന്നവർ 980 എന്ന ടോൾ ഫ്രീ നമ്പറോ 01144 20057 എന്ന ഫാക്സ് നമ്പറോ ലഭ്യമായ മറ്റ് ഔദ്യോഗിക ചാനലുകൾ വഴിയോ സ്വദേശികളും വിദേശികളും അറിയിക്കണെമെന്ന് കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) വൃത്തങ്ങൾ അറിയിച്ചു.