തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴ. പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. കാറ്റിൽ ഫ്ലക്സ് ബോർഡുകൾ ഒടിഞ്ഞു വീണു. പാങ്ങോട് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിലെയും സെക്രട്ടേറിയറ്റ് പരിസരത്തെയും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. മഴ ശക്തമായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വേനൽ മഴയാണ് തലസ്ഥാനത്ത് ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.