ഹൈദരാബാദ്: കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന കൂടി പൂർത്തിയായി. നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടത്തിൽ കൊലപ്പെട്ട ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ. ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിലെത്തിച്ചിരുന്നു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരിൽ നാല് പേരുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് അയക്കും. ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാകും സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകുക.
സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങിയ സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.