കൊച്ചി: എൻഎസ്എസിന്റെ സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് അനുവദിച്ച 10% സമുദായ ക്വോട്ടയിൽ നായർ വിദ്യാർഥികൾക്കു മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്നു ഹൈക്കോടതി പറഞ്ഞു. പിന്നാക്ക ന്യൂനപക്ഷ മാനേജ്മെന്റുകൾ അല്ലാത്ത മറ്റു സമുദായങ്ങളുടെ സ്കൂളുകൾക്ക് അനുവദിച്ച 10% സമുദായ ക്വോട്ട റദ്ദാക്കിയ ജൂലൈ 27ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻഎസ്എസ് നൽകിയ അപ്പീലിലാണു ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്.
എൻഎസ്എസ് സ്കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ച് വിധി നടപ്പാക്കുന്നതു ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. കൂടാതെ 16ലെ ഇടക്കാല ഉത്തരവിലൂടെ, പ്രവേശനവുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയ ഡിവിഷൻ ബെഞ്ച്, കോടതിയുടെ തുടർഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശന നടപടികൾ പൂർത്തിയാക്കാവൂ എന്നും നിർദേശിച്ചു. കൂടുതൽ വാദം കേട്ടശേഷമാണു സമുദായ ക്വോട്ടയിൽ നായർ വിദ്യാർഥികൾക്കു കേന്ദ്രീകൃത അലോട്മെന്റിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ ഇപ്പോൾ അനുമതി നൽകിയത്. അപ്പീൽ ഈയാഴ്ച വീണ്ടും പരിഗണിക്കും.