കൊച്ചി ∙ മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ പൊലീസ് റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. പരാതിക്കാരനായ അഭിഭാഷകൻ ബിജു നോയലിന്റെ ഹർജിയിലാണ് നടപടി. സിബിഐയോ കർണാടക പൊലീസോ കേസ് അന്വേഷിക്കണം എന്നാണ് ആവശ്യം.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു.
കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.