ദില്ലി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാർത്ഥികൾ സമരം നടത്തുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവൺമെന്റ് പിയു കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ. ആയുധങ്ങളുമായെത്തിയ അഞ്ച് പേരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കുന്ദാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തിൽ നിന്നുള്ള ഹാജി അബ്ദുൾ മജീദ്, റജ്ജാബ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉഡുപ്പിയിലെ കുന്ദാപൂർ ഏരിയയിലെ കോളജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം നടന്നത്.
സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങൾ കോളജുകളിൽ അനുവദിക്കില്ലെന്നും കാണിച്ച് യൂണിവേഴ്‌സിറ്റിക്ക് വിദ്യാഭ്യാസ ബോർഡ് സർക്കുലർ പുറത്തിറക്കിയിരുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും പരസ്പരം കടന്നാക്രമിക്കുന്നതോടെ പ്രതിഷേധം രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്.