ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസെ ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയിൽ നിന്ന് പണം വാങ്ങി കോൺഗ്രസിനെതിരെ ഉവൈസി സ്ഥാനാർഥികളെ നിർത്തുകയാണെന്ന രാഹുലിന്റെ ആരോപണത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.എത്ര പണം വാങ്ങിയാണ് 2008ൽ യു.പി.എ സർക്കാറിനെ എ.ഐ.എം.ഐ.എം പിന്തുണച്ചതെന്ന് ഉവൈസി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ വിമർശനം. അമേത്തിയിൽ നിങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റത് സൗജന്യമായിട്ടാണോ അതോ ബി.ജെ.പിയിൽ നിന്നും പണം വാങ്ങിയിരുന്നോയെന്ന് ഉവൈസി ചോദിച്ചു. 2008ൽ ആണവകരാർ സമയത്ത് ഞങ്ങൾ എത്ര പണം വാങ്ങിയാണ് യു.പി.എയെ പിന്തുണച്ചതെന്ന് ആരെങ്കിലും രാഹുൽ ഗാന്ധിക്ക് ഒന്ന് പറഞ്ഞു കൊടുക്കു.
ആന്ധ്രയിൽ കിരൺ കുമാർ റെഡ്ഡി സർക്കാറിനെ പിന്തുണക്കാൻ എത്ര പണം ചെലവഴിച്ചുവെന്ന് പറയണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗ്മോഹൻ റെഡ്ഡിയെ കൊണ്ട് പ്രണബ് മുഖർജിക്ക് പിന്തുണ നൽകാനായി ചർച്ചകൾ നടത്തിയതിന് തനിക്ക് എത്രപണം കിട്ടിയെന്ന് പറയണമെന്നും ഉവൈസി ആവശ്യപ്പെട്ടു.2014ന് ശേഷം ഇത് നിങ്ങളുടെ ആദ്യത്തെ തോൽവിയാണോ?. കോൺഗ്രസിന്റെ തോൽവിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മത്സരിക്കുന്നിടത്തെല്ലാം ബി.ജെ.പിയിൽ നിന്നും പണം വാങ്ങി എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുകയാണെന്ന ആരോപണം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. അസം, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര തുടങ്ങി കോൺഗ്രസ് മത്സരിക്കുന്നിടത്തെല്ലാം എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.