ഷില്ലോങ്: ബി.ജെ.പി സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസിന് തീയിട്ട് അണികൾ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്.എസ്.പി.ഡി.പി) എം.എൽ.എ മെഥോഡിയസ് ദഖറിന്റെ ഷില്ലോങ്ങിലെ ഓഫിസിനാണ് ശനിയാഴ്ച സ്വന്തം അണികൾ തീയിട്ടത്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റൊരു സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് അണികളെ പ്രകോപിതരാക്കിയത്.
സംസ്ഥാനത്ത് ത്രിണമൂൽ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കാനായിരുന്നു എച്ച്.എസ്.പി.ഡി.പിയുടെ തീരുമാനം. എന്നാൽ, പാർട്ടി ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എ ആയ മെഥോഡിയസും ഷക്‍ലിയാർ വാർജിരിയും എൻ.പി.പി-ബി.ജെ.പി സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ പിന്തുണക്കുമെന്ന് വെള്ളിയാഴ്ച പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
ഫയർഫോഴ്സെത്തി തീയണച്ചുവെന്നും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നിയുക്ത ഉപമുഖ്യമന്ത്രി സ്ഥിരീകരിച്ചു. എം.എൽ.എമാരുടെ ഭരണഘടന അവകാശങ്ങൾ കവർന്നെടുക്കാനാണ് ചിലരുടെ ശ്രമമെന്നും ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.