കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു റിമാന്റിൽ. മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. 2016 ൽ നിലമ്പൂർ ഏററുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ് കേസിനാസ്പദമായ സംഭവം.കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോൾ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാലാണ് കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എൽപി വാറണ്ട് നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയിൽ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പറഞ്ഞതായി പൊലീസ് പറയുന്നു.
തുടർന്ന്, കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. എന്നാൽ, മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല. മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.