വാരണാസി: സർക്കാർ പദ്ധതികളുടെ ഗുണത്തെക്കുറിച്ചും സ്ത്രീശാക്തീകരികണത്തെക്കുറിച്ചുമുള്ള യുവതിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിച്ചു. തിങ്കളാഴ്ച വാരണാസിയിലെ സേവാപുരി ഡെവലപ്‌മെന്റ് ബ്ലോക്കിൽ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രി യുവതിയുടെ പ്രസംഗത്തെ പുകഴ്ത്തിയത്.
ബർകി ഗ്രാമത്തിൽ നിന്നുള്ള ചന്ദാ ദേവിയുടെ പ്രസംഗമാണ് പ്രധാനമന്ത്രിക്ക് ആവേശമായത്. ഗ്രാമത്തിലെ ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവി പദ്ധതിയെക്കുറിച്ചും അത് സ്ത്രീശാക്തീകരണത്തെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും സംവാദത്തിനിടെ വിവരിച്ചിരുന്നു. ഈ പ്രസംഗ കേട്ട മോദി ‘എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?’ എന്ന് ചോദിക്കുകയായിരുന്നു.
‘ലക്ഷപതി ദീദി’ പദ്ധതിയിലൂടെ 15,000 രൂപയുടെ പ്രാരംഭ വായ്പയെടുത്ത ചന്ദാ ദേവി ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിച്ചു. ഇത് എങ്ങനെയാണ് തനിക്ക് സാധ്യമായതെന്നും സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞരുന്ന കുടുംബത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും, സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മാറ്റുന്നതിനും സംരംഭം എങ്ങനെ സഹായകരമായെന്ന് യുവതി പ്രധാനമന്ത്രിയോട് വിവരിച്ചു.
പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായകരമാണെന്നും ചന്ദാ ദേവി പറഞ്ഞു. യുവതിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട മോദി അവരെ പ്രശംസിക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും ചോദിക്കുകയായിരുന്നു. വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ ബാർക്കിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി ചന്ദാ ദേവിയെ കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുമായി ചന്ദാ ദേവി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.