ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.’2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല’- പ്രധാനമന്ത്രി പറഞ്ഞു.
ലോകം ഇപ്പോൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് മാർഗദർശനമായിട്ടാണ്. ഇന്ത്യയെ കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏറെ കാലമായി നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത് നൂറുകോടി അഭിലാഷമനസുകളും രണ്ട് ബില്യൺ വൈദഗ്ധ്യമുള്ള കൈകളുമായി അത് മാറി.-മോദി തുടർന്നു.
അടുത്ത 1,000 വർഷത്തേക്ക് ഓർമിക്കപ്പെടുന്ന വളർച്ചക്ക് അടിത്തറ പാകാനുള്ള മികച്ച അവസരമാണ് ഇന്ത്യക്കാർക്ക് ഇന്ന് ലഭിച്ചിരിക്കുന്നത്. ഒരു കാലത്ത് ഒരു വലിയ വിപണിയായി മാത്രം കണ്ടിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യയുടെ ജി20 ആതിഥേയത്വം മൂന്നാംലോക രാജ്യങ്ങളിലും ആത്മവിശ്വാസത്തിന്റെ വിത്ത് പാകി. ജി20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം സംഭാഷണവും നയതന്ത്രവും മാത്രമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.