സന്‍ഫ്രാന്‍സിസ്കോ: ഐഫോൺ 14 സീരീസിലെ സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് സംവിധാനം ഉപയോഗിച്ച് കാറപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് രണ്ടുപേര്‍. കാലിഫോർണിയയിലെ ഗുരുതരമായ കാർ അപകടത്തിൽ നിന്നാണ് ഐഫോണ്‍ രണ്ടുപേരെ രക്ഷിച്ചത്. കാലിഫോര്‍ണിയയിലെ ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലെ ഹൈവേയിലാണ് അപകടമുണ്ടായത്. കാർ മലയുടെ വശത്തുനിന്ന് തെന്നിമാറി ഏകദേശം 300 അടി അകലെയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
മാക് റൂമേര്‍സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, അപകടത്തില്‍പ്പെട്ട വ്യക്തികൾക്ക് സാറ്റലൈറ്റ് കണക്ടഡ് എമർജൻസി എസ്ഒഎസ് സവിശേഷത ഉപയോഗിക്കാൻ സാധിച്ചതിനാല്‍ സംഭവത്തെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതിനും, അടിയന്തിര സേവനങ്ങളിലേക്ക് മുന്നറിയിപ്പ് അയയ്‌ക്കാൻ കഴിഞ്ഞു.
റിപ്പോർട്ട് അനുസരിച്ച് കാർ അപകടത്തിൽപ്പെട്ടവർക്ക് ആപ്പിളിന്റെ റിലേ സെന്ററുകളിലൊന്നിലേക്ക് ഒരു എമർജൻസി എസ്ഒഎസ് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് സഹായത്തിനായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റുമായി ഇവര്‍ ബന്ധപ്പെട്ടു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള മോൺട്രോസ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന് അപകടത്തിൽപ്പെട്ട രണ്ട് വ്യക്തികളെ കണ്ടെത്താനും ഹെലികോപ്റ്റർ ഉപയോഗിച്ച് അവരെ അപകടം നടന്ന വിദൂര മലയിടുക്കിൽ നിന്ന് പുറത്തെടുക്കാനും കഴിഞ്ഞു.
രക്ഷപ്പെട്ടവര്‍ക്ക് ചെറിയ പരിക്ക് മാത്രമേ ഉള്ളൂവെന്നും, അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമാണ് ഐഫോണ്‍ 14ല്‍ സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ് ലഭ്യമാകുന്നത്.