ന്യൂഡൽഹി: ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ 22 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഘർഷത്തിനിടെ വെടിയേറ്റ സബ് ഇൻസ്പെകർ മേധാ ലാൽ അപകടനില തരണം ചെയ്തെന്നും പ്രദേശത്തു സ്ഥിതി ശാന്തമാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഘർഷത്തിൽ 8 പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു. സംഘർഷം തുടങ്ങിയതോടെ വാഹനങ്ങൾ ഉപേക്ഷിച്ച് പലരും ഓടിരക്ഷപ്പെട്ടു.
സബ് ഇൻസ്പെക്ടർക്കു വെടിയേറ്റ സംഭവത്തിലെ പ്രതി മുഹമ്മദ് അസ്‍ലം (21) ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നും ഇയാൾ 2020ൽ നടന്ന സംഘർഷങ്ങളിലും പ്രതിയാണെന്നും ഡിസിപി (നോർത്ത് വെസ്റ്റ്) ഉഷ രംഗ്‍നാനി അറിയിച്ചു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ജഹാംഗീർപുരിയിലും സമീപ പ്രദേശങ്ങളിലും ദ്രുതകർമസേന ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കു മുകളിൽ നിന്നു കല്ലേറുണ്ടായത് കണക്കിലെടുത്ത് ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തു.
പൊലീസ് മുൻകയ്യെടുത്തു വിളിച്ചുകൂട്ടിയ സമാധാന കമ്മിറ്റി യോഗം അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചു. 2020ൽ നടന്ന വടക്കു-കിഴക്കൻ ഡൽഹി കലാപത്തിനു ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വീണ്ടും കലാപ സാഹചര്യമുണ്ടാവുന്നത്. ഡൽഹിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.