ദില്ലി: ഇന്ത്യയിൽ ഉടനീളം 5ജി സേവനം നൽകാൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ അറിയിച്ചു. ഇന്ന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ മുഴുവൻ ബാൻഡുകളും ലേലത്തിൽ നേടിയത് തങ്ങൾ മാത്രമാണെന്നും ജിയോ അവകാശപ്പെട്ടു. പരമാവധി സ്പെക്ട്രം സ്വന്തമാക്കുക വഴി രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലും തങ്ങൾക്ക് മുന്നേറാൻ സാധിക്കുമെന്നും യഥാര്‍ത്ഥ 5ജി സേവനം ജനങ്ങൾക്ക് നൽകാൻ സാധിക്കുക ജിയോക്ക് മാത്രമായിരിക്കുമെന്നും കമ്പനി പ്രതികരിച്ചു.
ഫൈവ് ജി ലേലത്തില്‍ 88078 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി റിലയന്‍സ് ജിയോ ആണ് ഒന്നാമത്. സ്പെക്ട്രത്തിന്‍റെ 71 ശതമാനം വില്‍പ്പന നടന്നെന്നും ഒന്നരലക്ഷം കോടിയിലധികം രൂപയുടെ ലേലമാണ് നടന്നതെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ലേലം നടത്തിയ 72,098 മെഗാഹാർട്സിൽ 51,236 മെഗാഹെഡ്സിന്‍റെ വിൽപ്പനയാണ് നടന്നത്. അദാനി ഡാറ്റ 400 മെഗാഹെഡ്സ്, ഭാരതി എയർടെൽ 19,867 മെഗാഹെഡ്സ്, റിലയൻസ് ജിയോ 24,740 മെഗാഹെഡ്സ്, വോഡഫോൺ 6228 മെഗാഹെഡ്സ് എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. ഒക്ടോബറോടുകൂടി രാജ്യത്ത് ഫൈവ് ജി സേവനം ലഭ്യമായി തുടങ്ങുമെന്നും, അടുത്ത വർഷം പൂർണ തോതില്‍ ലഭ്യമാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.