കൊച്ചി: കണ്ണൂർ സർവകലാശാല അസോഷ്യറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ വിമർശനത്തെ പരിഹസിച്ച പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിനെ താഴ്ത്തികെട്ടി സംസാരിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
‘കുഴിവെട്ട്’ എന്ന വാചകം ഉപയോഗിച്ചതായി ഓർക്കുന്നില്ല. എൻ.എസ്.എസ് കാലയളവിലെ സേവനം പ്രവൃത്തി പരിചയമായി കാണാനാവില്ലെന്നാണ് ഉദ്ദേശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി എതിരാണെന്ന് ഹരജിക്കാർക്കും കക്ഷികൾക്കും തോന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം വിമർശനങ്ങൾ കോടതിക്ക് പുറത്ത് വരുന്നത്. കോടതിയിൽ പറയുന്ന കാര്യങ്ങൾ കോടതിക്കുള്ളിൽ നിൽക്കണമെന്നും പുറത്ത് ചർച്ചയാക്കേണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.