ആലപ്പുഴ/മുഹമ്മ> ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെക്കാൾ തരംതാണാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പെരുമാറുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. മുഹമ്മ ചീരപ്പൻ ചിറയിലും ആലപ്പുഴയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലും സുശീല ഗോപാലൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
മന്ത്രിമാർ തന്റെ മുമ്പിൽ ഓഛാനിച്ചു നിൽക്കണമെന്നാണ് ഗവർണർ ആഗ്രഹിക്കുന്നത്. ഗവർണറുടേത് പ്രായത്തിന്റെ വികൃതിയാണെന്നു പറയാനാകില്ല. ഗവർണറെക്കാൾ പ്രായമുള്ള പലരും പക്വതയോടെ പെരുമാറാറുണ്ട്. സിനിമയിലെ ഗുണ്ടയെപ്പൊലെയാണ് ഗവർണർ പെരുമാറുന്നത്. ഗവർണറെ ആരും കേരളത്തിൽ ആക്രമിക്കില്ല. കലിക്കറ്റ് സർവകലാശാലയിൽ ശ്രീനാരായണഗുരുവിനെപ്പറ്റി സനാതന ധർമ്മ ചെയർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ വന്നത്. സനാതനധർമ്മത്തിന്റെ മറപറ്റി ജാതിബോധവും ചാതുർവർണ്യവുമാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതും ശ്രീനാരായണ ഗുരുവിന്റെ ദർശനവും ചേർന്നുപോകില്ല.
ബിൽ അനന്തമായി പിടിച്ചുവയ്‌ക്കാനൊന്നും ഗവർണർക്ക് അധികാരമില്ല. ഒന്നുകിൽ ബില്ലിന് അംഗീകാരം കൊടുക്കാം അല്ലെങ്കിൽ തിരിച്ചയയ്‌ക്കാം. ഇതു രണ്ടുമല്ലെങ്കിൽ കേന്ദ്രത്തിന് അയയ്‌ക്കാം. എഴുതിക്കൊടുക്കുന്ന നയപ്രഖ്യാന പ്രസംഗം ‘ എൻെറ ഗവർമെന്റ് ’ എന്നു പറഞ്ഞ് വായിക്കാനേ അദ്ദേഹത്തിനു കഴിയൂ. ആരിഫ് മൊഹമ്മദ് ഖാന്റെ മുൻഗാമി ഗവർണർ ജസ്‌റ്റിസ് സദാശിവം എത്ര അന്തസോടെയാണ് പെരുമാറിയത്. തങ്ങളുമായി കാര്യങ്ങൾ ചർച്ചചെയ്യുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്‌തിട്ടുണ്ട്. അതിൽ ചിലത് തങ്ങൾ സ്വീകരിച്ചിട്ടുമുണ്ടെന്ന് ശൈലജ പറഞ്ഞു.