കണ്ണൂർ: പ്രതിഷേധക്കാർ കെ റെയിൽ കുറ്റി പറിക്കൽ തുടരുകയാണെങ്കിൽ, സർവ്വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാത പോകുന്ന വഴി അടയാളപ്പെടുത്തൽ മാത്രമാണ് സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടൽ അല്ലാത്ത ശാസ്ത്രീയമായ ബദൽ മാർഗ്ഗങ്ങൾ അധികൃതർ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാൽ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ. കല്ല് പിഴുതെറിഞ്ഞാൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സമരക്കാർ കരുതേണ്ടെന്നും എംവി ജയരാജൻ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ഇന്നലെ കല്ലിടൽ നടന്ന ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നിരുന്നു. മുഴപ്പിലങ്ങാടും ധർമ്മടത്തും പ്രതിഷേധവും ആശങ്കയും അണപൊട്ടി. മാധ്യമപ്രവർത്തകർക്ക് നേരെ വരെ കൈയ്യേറ്റം ഉണ്ടായി. പദ്ധതിയോട് ജനത്തിനുള്ള കടുത്ത ആശങ്കയും എതിർപ്പുമാണ് പ്രകടമായത്. ഈ സാഹചര്യത്തിലാണ് എംവി ജയരാജന്റെ പ്രതികരണം.
അതേസമയം സിൽവർ ലൈനിൽ കെ റെയിൽ കമ്പനി നടത്തിയ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എംഡിയെ ജനകീയ പ്രതിരോധ സമിതി നേരിട്ട് ക്ഷണിച്ചിരിക്കുകയാണ്. സമിതി ജനറൽ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് കെ റെയിൽ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്. സംവാദത്തിന്റെ ഘടന, പാനൽ എന്നിവ നൽകണമെന്ന് എംഡി ആവശ്യപ്പെട്ടു. ഇതിന് ശേഷം പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും മുൻമന്ത്രി തോമസ് ഐസക്കിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക് പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. മെയ് നാലിനാണ് സംവാദം നടക്കുക. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംവാദത്തിലുണ്ടാകില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രമാണുണ്ടാവുക. ഇന്നലത്തെ സംവാദത്തിൽ നിന്ന് പിന്മാറിയ അലോക് വർമ്മ, ഇന്നലെ പങ്കെടുത്ത രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും പങ്കെടുക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.