കോഴിക്കോട് : ആരംബായ് തെൻഗോൽ ആർ.എസ്.എസിന്റെ ഹിന്ദു സ്വകാര്യ സേനയെന്ന് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. കൂകി-സോമി ഗോത്ര വർഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാന റോള്‍ വഹിക്കുന്നത് ആരംബായ് തെൻഗോല്‍ എന്ന സായുധ സംഘമാണ്. ആരംബായ് എന്നതിനർഥം വിഷം പുരട്ടിയ മൂര്‍ച്ചയേറിയ അസ്ത്രം എന്നാണ്. പഴയ രാജഭരണകാലത്ത് മെയ്തി വിഭാഗത്തില്‍പ്പെട്ട സൈനികര്‍ ഉപയോഗിച്ചിരുന്ന ആയുധമാണിത്. ആരംബായ് തെൻഗോല്‍ എന്നാല്‍ അസ്ത്രസേനയാണ്.
മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആർ.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ചെടുത്ത സ്വകാര്യ സേനയാണ് ആരംബായ് തെൻഗോല്‍. കറുപ്പ് വസ്ത്രമണിഞ്ഞ, ആയുധധാരികളായ യുവാക്കളുടെ സേനയാണിത്. ബിജെപി സര്‍ക്കാരിന് വേണ്ട എല്ലാ പ്രചരണ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏറ്റെടുത്തു നടത്തുന്നു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അടക്കമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുന്ന ഈ സംഘടനക്ക് മണിപ്പൂര്‍ കലാപത്തില്‍ വലിയ പങ്കുള്ളതായി ആരോപണമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 17ന് ആരംബായ് തെൻഗോല്‍ പിരിച്ചുവിട്ടതായി ആ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ഗോത്ര വർഗ വിഭാഗങ്ങള്‍ക്കെതിരായി അവര്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് കുകി-സോമി ഗോത്ര വർഗ നേതാക്കള്‍ ആരോപിക്കുന്നു.
സമൂഹത്തില്‍ വംശീയ വിദ്വേഷം പടര്‍ത്താന്‍ പല തരത്തിലുള്ള സ്വകാര്യ സേനകളും രഹസ്യ വാട്‌സാപ് ഗ്രൂപ്പുകളും സംഘപരിവാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാമസേനയെന്നും, ഹനുമാന്‍ സേനയെന്നും ദുർഗാവാഹിനിയെന്നും ഒക്കെ പേരിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹിക സ്പർധ മൂര്‍ച്ഛിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്.മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ അതിക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുന്നതില്‍ ആരംബായ് തെൻഗോല്‍ എന്ന ആർ.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സംഘടന ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘപരിവാര്‍ സംഘടനകളുണ്ട്. മെയ്തി ലീപുന്‍, ആരംബായ് തെൻഗോല്‍ എന്നിവ ഇതില്‍ പ്രധാനമാണെന്നും കെ.സഹദേവൻ കുറിച്ചു.