തിരുവനന്തപുരം : യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കളം നിറഞ്ഞ് തുടങ്ങി. സെഞ്ചുറി സീറ്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് മുന്നണി തൃക്കാക്കരയിൽ കളത്തിലിറങ്ങുമ്പോൾ പി ടി തോമസിന്റെ സ്വന്തം മണ്ഡലത്തിൽ വിജയത്തുടർച്ച നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും യുഡിഎഫും. ഇടത് മുന്നണി വികസനം പറയുമ്പോൾ സിൽവർ ലൈൻ വിഷയം കത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തൃക്കാക്കര തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉയർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച സുധാകരൻ, തെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരളാ മുഖ്യമന്ത്രി കാണിക്കുമോയെന്നും ചോദിച്ചു. തന്റെ വെല്ലുവിളിയേറ്റെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെവി തോമസ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സുധാകരന്റെ വാദം. കെവി തോമസ് ക്ലോസ്ഡ് ചാപ്റ്ററാണെന്നാവർത്തിച്ച സുധാകരൻ, പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ചു വോട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ലെന്നും പരിഹസിച്ചു.