മംഗളൂരു: കർണാടകത്തിലെ സുള്ള്യയിൽ യുവമോർച്ചാ നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം. കൊലപാതകം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുവമോർച്ച അംഗങ്ങൾ സംഘടനയിൽ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. ഇതിനിടയിലാണ് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. നളിൻ കുമാർ കട്ടീലിന്റെ കാർ തടഞ്ഞ ബിജെപി പ്രവർത്തകർ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഘപരിവാർ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുവിനെ അജ്ഞാതർ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രവീണിനെ വെട്ടവീഴ്ത്തിയ ശേഷം കൊലയാളികൾ രക്ഷപ്പെട്ടു. ചോരയിൽ മുങ്ങിക്കിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ പ്രവീണിന്റെ മരണം സംഭവിച്ചു.












