കരുനാഗപ്പള്ളി: ഏറെ തിരക്കുള്ള കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മതിയായ ജനറേറ്റർ സൗകര്യമില്ലാത്തതിനാൽ രാത്രി യാത്ര ദുഷ്കരമാകുന്നു. രാത്രിയിൽ വൈദ്യുതി നിലയ്ക്കുന്ന സമയത്ത് സ്റ്റേഷനിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഫ്ലൈ ഓവർ കയറുന്നതിനും സ്റ്റേഷന് പുറത്തേക്ക് കടക്കുന്നതിനും ഏറെ ബുദ്ധിമുട്ടുകയാണ്. ലൈനുകളിലെ വൈദ്യുതീകരണം പൂർത്തിയായതോടെ നേരത്തേയുണ്ടായിരുന്ന ജനറേറ്ററുകൾ മാറ്റുകയായിരുന്നു.
ഇലക്ട്രിക് ലൈനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോൾ സിഗ്നൽ സംവിധാനവും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലടക്കം ലൈറ്റുകളും പ്രവർത്തിപ്പിക്കുന്നത്. ഒരു കിലോമീറ്റർ വരുന്ന പ്ലാറ്റ്ഫോമും അനുബന്ധ മേഖലകളുമെല്ലാം വൈദ്യുതിയില്ലെങ്കിൽ ഇരുട്ടിലായിരിക്കും. റെയിൽവേ സ്റ്റേഷനോട് ചേർന്ന കുറ്റിക്കാട് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമാണ്.
രാത്രി ഏഴു മുതൽ പുലർച്ച വരെയും ഏറനാട്, മാവേലി, അമൃത തുടങ്ങിയ ധാരാളം യാത്രക്കാരുള്ള ഒട്ടേറെ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ മൊബൈൽ ഫോണിന്റെ വെളിച്ചം ആശ്രയിച്ചാണ് പുറത്തുകടക്കുന്നത്. വളരെ കുറച്ച് മിനിറ്റുകൾ മാത്രമാണ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുള്ളത്. അതിനാൽ ട്രെയിൻ എത്തുന്നതിനു മുമ്പ് പ്ലാറ്റ്ഫോമിൽ അതത് ബോഗികൾ നിൽക്കുന്ന സ്ഥലങ്ങളിൽ കാത്തുനിൽക്കേണ്ടിവരുന്നു.
അവസാന ബോഗിയിൽ കയറുന്നതിന് ഏറെദൂരം നടക്കുകയും വേണം. സ്റ്റേഷനിൽ ജനറേറ്റർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അടിയന്തര നടപടിയുണ്ടാകണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നജീം മണ്ണേലും കെ.കെ. രവിയും ആവശ്യപ്പെട്ടു.




















