കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ താൻ ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴിയുണ്ടെന്ന ഇ.ഡിയുടെ വാദം തള്ളി മന്ത്രി പി. രാജീവ്.സാധാരണ നമ്മളൊന്നും ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയിലെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇടപെട്ടാൽതന്നെ ഇന്ന രീതിയിൽ ലോൺ കൊടുക്കണം എന്ന് പറയാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും. നിയമവിരുദ്ധമായ ഒന്നിലും ഒരു ഘട്ടത്തിലും ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കി.എം.പി, പാർട്ടി ജില്ല സെക്രട്ടറി, ഇപ്പോൾ മന്ത്രിയായപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സമ്മർദം ചെലുത്തുന്ന പതിവില്ല. ഇത്, പുതിയ അറിവാണ്. കുറെ കാലമായിട്ട് പലതും ഇറങ്ങുകയാണല്ലോ. എന്താണെന്ന് നോക്കാമെന്നും മന്ത്രി പറഞ്ഞുഇതിനിടെ, എം.ടിയുടെയും എം. മുകുന്ദെൻറയും വിമർശനം പൊതുവായി ഉള്ളതാണ്. എന്നാൽ, തങ്ങളെ ബാധിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ അത്, ഉൾക്കൊള്ളുന്നതിന് പ്രയാസമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എമ്മിനും മന്ത്രി പി.രാജീവിനുമെതിരെ ഇ.ഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.രാജീവിനെതിരെയും പാർട്ടിക്കെതിരെയും നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി. രാജീവ് സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ മൊഴി നൽകിയതായി ഇ.ഡി ഹൈകോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ പറയുന്നു.
എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളും ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളും സമ്മർദം ചെലുത്തിയെന്നും സുനിൽകുമാർ മൊഴിനൽകി.കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ നൽകിയതിൽ സി.പി.എമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. അംഗത്വമില്ലാതെ പാർട്ടി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇ.ഡി സത്യാവാങ്മൂലത്തിൽ പറയുന്നു. പാർട്ടി ഓഫീസുകളുടെ നിർമാണം, തെരഞ്ഞെടുപ്പ്, സുവനീർ തുടങ്ങിയവക്ക് പണം കണ്ടെത്താൻ ഈ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയെന്നുമെന്നാണ് വെളിപ്പെടുത്തൽ. സി.പി.എം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നതായി ഇ.ഡി പറയുന്നു.