കട്ടപ്പന > കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കട്ടപ്പന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ചുനടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടികളും അസ്ഥികളുമാണ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം വിജയന്റേതാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
പ്രതി നിധീഷുമായി രാവിലെ നടത്തിയ തെളിവെടുപ്പിൽ വിജയനെ കൊല്ലാനുപയോഗിച്ച ചുറ്റിക കണ്ടെത്തിയിരുന്നു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടിയെന്നാണു നിതീഷിന്റെ മൊഴി. വീടിനുള്ളിൽ ഒരു ഭാഗം പ്രത്യേകമായി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ഇവിടെ കുഴിച്ചു പരിശോധിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. വിഷയത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മോഷണക്കേസിന്റെ തുടരന്വേഷണത്തിനിടെയാണ് കട്ടപ്പന കേന്ദ്രീകരിച്ച് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കുന്നതിനിടെയാണ് നിധീഷും സുഹൃത്ത് വിഷ്ണു വിജയനും പിടിയിലായത്. വിഷ്ണുവാണ് മോഷണക്കേസിലെ ഒന്നാംപ്രതി. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന കക്കാട്ടുകടയിലെ വീട്ടിലെത്തിയിരുന്നു. വീടിനുള്ളിലെ സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും സംസാരത്തിലെ അസ്വഭാവികതയുമാണ് സംശയത്തിനിടയാക്കിയത്. ഇവരിൽ നിന്നാണ് കൊലപാതകങ്ങൾ സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചത്. വിഷ്ണുവിന്റെ അച്ഛനാണ് കൊല്ലപ്പെട്ട വിജയൻ. വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാത്തവിധമാണ് അമ്മയേയും സഹോദരിയേയും വിഷ്ണു പാർപ്പിച്ചിരുന്നത്.