ദില്ലി: ഇന്ത്യ മുന്നണിയിൽ ഒന്നിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അതിന് സിപിഎം തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്നായിരുന്നു രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
അദാനി, വേദാന്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി കേന്ദ്ര സർക്കാർ വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. 2024 ൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ താഴെയിറക്കും. മുംബൈയിൽ ഇന്ത്യ മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്നതല്ല. വിമാനം 4.15 ന് നിശ്ചയിച്ചതു കൊണ്ടാണ് അവർ നേരത്തെ മടങ്ങിയതാണെന്നും കെസി വേണുഗോപാൽ അറിയിച്ചു.
കേരളത്തിൽ കോൺഗ്രസും സി പി എമ്മും ഒന്നിച്ചു മത്സരിക്കുക പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് സി പി എമ്മും തയാറാവില്ല. പുതുപ്പള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടും. നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കും.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടിയില്ലെന്ന പ്രചാരണം ക്രൂരമാണ്. ഇതിനുള്ള തിരിച്ചടിയാകും ജനവിധി. ഒരു ഓഡിയോ ക്ലിപ്പും ജനങ്ങളെ സ്വാധീനിക്കില്ല. ഏറ്റവും കൂടുതൽ വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുക ഗോവിന്ദൻ മാഷിന്റെ പെട്ടിയിൽ നിന്നാകും. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.