ഉത്തരാഖണ്ഡ് : രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു.
മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാർഷിക തീർത്ഥാടനം നടത്തുന്നത്.
കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടത്തുക. കേദാർനാഥ് ക്ഷേത്രത്തിലെ പ്രതിദിന തീർഥാടക പരിധി 12,000 ആയും ബദരീനാഥിൽ ഇത് 15,000 ആയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ ചർദ് ധാം യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ടോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.