തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്. പ്രേംജിത്തിനെ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമിച്ചത്. ചർച്ച ഇല്ലാതെ ചെയർമാനെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. പ്രേംജിത്തിന് പകരം എം രാജഗോപാലൻ നായരാണ് മുന്നോക്ക സമുദായ വികസന കോർപറേഷന്റെ പുതിയ ചെയർമാൻ.
അതേസമയം കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.