തിരുവനന്തപുരം ∙ ഇൗ മാസത്തെ ശമ്പളവും അടുത്ത മാസത്തെ പെൻഷനും നൽകുന്നതിനായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച റിസർവ് ബാങ്ക് വഴിയാണ് കടമെടുക്കുക. 1,000 കോടി രൂപ കൂടി കടമെടുത്തു കഴിഞ്ഞാൽ പിന്നെ വളരെ പരിമിതമായ സംഖ്യയാണ് ഇൗ വർഷത്തേക്കു ബാക്കിയുള്ളത്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരാമെന്ന ഉറപ്പിൻമേൽ 1,755 കോടി രൂപ സർക്കാരിന് ഇൗ വർഷം കിട്ടുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് കടമെടുക്കാൻ ബാക്കിയുള്ളത് വരും മാസങ്ങളിൽ എടുക്കും. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 2,000 കോടി സമാഹരിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റും വായ്പയും എടുത്താകും ക്ഷേമനിധി ബോർഡുകൾ സർക്കാരിനു പണം കൈമാറുക. ഇൗ തുക വൈകാതെ തിരിച്ചു കൊടുക്കാമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. വായ്പയും ഒഡിയും നൽകാൻ മടിച്ചുനിന്ന ചില ബാങ്കുകൾ ഇപ്പോൾ സർക്കാരിനോടു സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.