തിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനായി കേന്ദ്രസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാർശ നൽകിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഈ ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നതാണ്.
ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദേശിക്കുന്നു. നിലവിൽ ഗവർണറുമായി തുറന്ന പോര് തുടരുന്നതിനിടെയാണ് ഈ ശുപാർശയെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന സുപ്രധാന നിർദ്ദേശവും സർക്കാർ മുന്നോട്ടുവെക്കുന്നു. സർക്കാർ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതി കിട്ടാൻ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദ്ദേശം. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ കേന്ദ്രസേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ പറയുന്നു. ഗവർണറായി നിയമിക്കപ്പെടുന്ന ആളിന് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുതെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.